Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖസ്വീദത്തുൽ ബുർദയിലെ മുഴുവൻ വരികളുടെയും അർത്ഥവും ആശയവും | Qaseedathul Burdha Full Lines Meaning & Concept In Malayalam

      • Watch Full Video On YouTube

ഖസ്വീദത്തുൽ ബുർദയിലെ മുഴുവൻ വരികളുടെയും അർത്ഥവും ആശയവും | Qaseedathul Burdha Full Lines Meaning & Concept In Malayalam


 ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി   കട്ടയാട്
 ഖസ്വീദത്തുൽ ബുർദ, ആശയം,   അനുരാഗം, അടിയൊഴുക്കുകൾ :   ബഷീർ ഫൈസി വെണ്ണക്കോട്
 ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും   വിശദീകരണക്കുറിപ്പുകളും : എ കെ   അബ്ദുൽ മജീദ് മാസ്റ്റർ


1) أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ...
    ﻣٙـزَﺟْـتَ ﺩٙﻣْـﻌًﺎ ﺟٙـﺮَى ﻣِﻦْ ﻣُﻘْـﻠٙـﺔٍ بِـدٙمِ...
"ദൂ 'സലം എന്ന പ്രദേശത്തെ അയൽക്കാരെ ഓർത്തിട്ടാണോ കണ്ണിൽ നിന്നും ഒലിച്ചു കൊണ്ടിരിക്കുന്ന കണ്ണുനീരിനെ നിങ്ങൾ രക്തത്തിൽ കലർത്തിയത്...?"

• ദീസലം എന്ന സ്ഥലം മക്കയുടേയും മദീനയുടേയും ഇടയിലുള്ള സ്ഥലമാണെന്നും, അല്ല മദീന തന്നെയാണെന്നും അഭിപ്രായമുണ്ട്. ഇവിടെ അയൽവാസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുണ്യ റസൂൽ ﷺ തങ്ങളാണ്...

• രക്തം കലർന്ന കണ്ണുനീർ ഒഴുക്കുക എന്ന് പറഞ്ഞുകൊണ്ട് വായനക്കാരുടെ മനസ്സിലേക്ക് ശക്തമായ ഒരു വേദന (Pain) നൽകി അവരുടെ ശ്രദ്ധയെ കാവ്യത്തിലേക്ക് പിടിച്ചെടുക്കുക എന്ന മനഃശാസ്ത്രപരമായ സമീപനമാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഒരു വേർപാടോ, ഇഷ്ടധാമത്തിന്റെ അകൽച്ചയോ അനുസ്മരിച്ചു കൊണ്ടാണ് ഇവിടെ ഖസ്വീദ തുടങ്ങുന്നത്. ആ വരികൾ സങ്കൽപിക കഥാപാത്രത്തോടും ഹൃദയത്തോടും സംസാരിക്കുന്നു. അത്യന്തം നാടകീയമായ ഈ തുടക്കം വായനക്കാരുടെ മനസ്സിൽ ജിജ്ഞാസയും കൗതുകവും വർദ്ധിപ്പിക്കുകയും തുടർ വരികളിലേക്ക് ആവേശപൂർവം അവരെ ആനയിക്കുകയും ചെയ്യുന്നു...

• ഇവിടെ ബുർദയുടെ രചയിതാവായ മഹാനായ ബൂസ്വീരി ഇമാം رضي الله عنه സ്വമനസ്സിനോട് തന്നെയാണ് സങ്കട കാരണം തിരക്കുന്നത്. മഹാനവർകളിൽ رضي الله عنه റസൂൽ കരീം ﷺ യോടുള്ള സ്നേഹം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് നമുക്ക് കാണാം...

• ഒട്ടേറെ മഹത്വങ്ങളുള്ള ഈ കാവ്യം വളരെയധികം ഭക്തി സാന്ദ്രമായ നിലയിലാണ് ചൊല്ലേണ്ടത്. തുടങ്ങുമ്പോഴും ഒരോ വരികൾക്ക് ശേഷവും_ 
مٙوْلٙايٙ صٙلَّ وٙسٙلِّمْ دٙائِمًا أٙبٙدًا...
عٙلٙى حٙبِيبِكٙ خٙيْرِ الْخٙلْقِ كُلِّهِمِ...
എന്ന് ചൊല്ലേണ്ടതാണെന്നും ഇതിന്റെ മര്യാദയിൽ പറഞ്ഞിട്ടുണ്ട്...
____________________________________________


2) أَمْ هَــبَّـتِ الرِّيـــحُ مِنْ تِلْقَــاءِ كَاظِــمَةٍ...
    وَأَوْمَـضَ الْبَــرْقُ فِى الظَّلْمَــاءِ مِـنْ إِضَــمِ...
"അതോ കാളിമയുടെ ഭാഗത്ത് നിന്നും അടിച്ചു വീശുന്ന കാറ്റാണോ, അതോ ഇരുളടഞ്ഞ സമയത്ത് (രാത്രിയിൽ )"ഇളം" താഴ് വരയിൽ നിന്നും,മിന്നൽ പിണർ കണ്ടത് കൊണ്ടാണോ നിങ്ങൾ കരയുന്നത്..."

• ബുർദയുടെ 1 മുതൽ 11 വരെയുള്ള വരികളിൽ നമുക്ക് രണ്ടു പേരെ കാണാം. പരസ്പരം വാഗ്വാദം നടത്തുന്ന ഒരാൾ കവിയും മറ്റേയാൾ കവിയുടെ ആത്മാവാകുന്ന അപരനുമാണ്. ഇവിടെ കവി അഭിസംബോധന ചെയ്യുന്ന കാമുകൻ തന്റെ പ്രേമഭാജനത്തെയോർത്ത് വളരെ നേരമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്. കരഞ്ഞുകരഞ്ഞ് കണ്ണുനീരിൽ രക്തം കലരാൻ മാത്രം തീവ്രമായിരുന്നു ആ ദുഃഖം. 'ദീസല'മിന്റെ അയൽവാസിയെ കുറിച്ചോർത്തിട്ടാണോ നീ കരയുന്നതെന്ന് തന്റെ ആത്മാവിനോട് ഒന്നാമത്തെ വരിയിലൂടെ ചോദിച്ച ബൂസ്വീരി ഇമാം رضي الله عنه തുടർന്ന് ചോദിക്കുന്നു; 'കാളിമ'യുടെ ഭാഗത്തുനിന്നും വീശുന്ന കാറ്റാണോ, അതല്ല 'ഇളമി'ൽ നിന്നും ഇരുളിനെയും കീറി മുറിച്ചു വരുന്ന മിന്നൽപ്പിണറുകളാണോ നിന്റെ കണ്ണീരിനു ആധാരം എന്ന്...

• മക്കയിലേക്കുള്ള ഒരു പാതയുടെ പേരാണ് 'കാളിമ'. 'ഇളം' പുണ്യ മദീനക്കു സമീപമുള്ള ഒരു താഴ്‌വരയും. കാറ്റിനും മിന്നലിനും സ്മരണയോടുള്ള പ്രതീകാത്മക ബന്ധം ശ്രദ്ധാർഹമാണ്. മന്ദമാരുതൻ തലോടുമ്പോൾ കാമുകനെന്തിനു ദുഃഖിക്കുന്നു? അതിൽ തന്റെ പ്രേമഭാജനത്തിന്റെ ﷺ പരിമളം കാമുകൻ അനുഭവിക്കുന്നുണ്ടാകാം, 'ഖുബ്ബതുൽ ഖള്റാഇ'ന്റെയും 'ജന്നത്തുൽ ബഖീഇ'ന്റെയുമെല്ലാം പരിമളം. മിന്നൽ പിണറിലോ... തന്റെ പ്രേമഭാജനത്തിന്റെ ﷺ ഓർമ്മകളും അവിടുന്ന് ﷺ വിട്ടേച്ചുപോയ തിരുശേഷിപ്പുകളും ഒരു മിന്നായം പോലെ കാമുകൻ ദർശിക്കുന്നുണ്ടാകാം...

• കൂരിരുട്ടിലെ മിന്നൽപ്പിണർ പോലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പ്രവാഹം പോലെയാണല്ലോ പുണ്യ ഹബീബ് ﷺ. ചരിത്രത്തിലൂടെ ഇടമുറിയാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റായി തിരുനബി ﷺ ദൗത്യത്തെയും സങ്കൽപ്പിക്കാവുന്നതാണ്. സൗന്ദര്യത്തിന്റെ മന്ദമാരുതനായും വിപ്ലവത്തിന്റെ കൊടുങ്കാറ്റായും തിരുനബിസന്ദേശം ﷺ ചരിത്രത്തെ തലോടുകയും ഇളക്കിമറിക്കുകയും ചെയ്യുന്നതിനു കാലം സാക്ഷിയാണല്ലോ...

____________________________________________


3) فَمَا لِـعَـيْــنَـيْــكَ إِنْ قُــلْتَ اكْفُفَا هَمَتَـا...
    وَمَا لِقَــلْبِـكَ إِنْ قلت اسْــتَـفِـقْ يَــهِمِ...
എന്തുപറ്റി നിന്റെ കണ്ണുകൾക്ക്? അവയോട് 'മതി' എന്നു പറയുമ്പോൾ അവ കൂടുതൽ കണ്ണീരൊലിപ്പിക്കുകയാണല്ലോ...
നിന്റെ ഹൃദയത്തിനെന്തു സംഭവിച്ചു? അടങ്ങാൻ പറഞ്ഞിട്ടും അത് പരിഭ്രമം കൊള്ളുകയാണല്ലോ...

• പ്രേമ പാരവശ്യത്താൽ വിഷമിച്ചിരിക്കുന്ന അപരൻ കവിയുടെ ആദ്യത്തെ ചോദ്യങ്ങൾക്കു മറുപടി പറയുന്നില്ല. ഇങ്ങനെയുള്ള കാമുകന്മാരും കാമുകിമാരും സാധാരണയായി മറുപടി പറയുകയോ തങ്ങളുടെ ബന്ധങ്ങളെ പെട്ടെന്ന് സമ്മതിച്ചു തരികയോ ചെയ്യില്ല. മറിച്ച് അതെല്ലാം നിഷേധിക്കുകയാണ് ചെയ്യുക...

• പ്രേമഭാജനത്തോടുള്ള അടങ്ങാത്ത പ്രണയാഭിനിവേശം ഖൽബിലങ്ങ് നിറഞ്ഞു കവിഞ്ഞാൽ പിന്നീടത് കണ്ണുനീർ തുള്ളികളായി കവിൾത്തടങ്ങളിലൂടെ ചാലിട്ടൊഴുകലായ്. പുന്നാര ഹബീബിനോടുള്ള ﷺ പ്രണയം കണ്ണുകളിൽ പെയ്തിറങ്ങുമ്പോൾ എത്ര ശക്തിയായി അതിനെ തടയാൻ ശ്രമിക്കുന്നുവോ, അതിലും ശക്തിയായി കണ്ണുനീർ കൂടുതലായി പുറത്തേക്ക് വരികയാണ് ചെയ്യുക. ഇവിടെ നമ്മുടെ കഥാപാത്രത്തിനു സംഭവിക്കുന്നതും അതു തന്നെയാണ്...

• തന്റെ പ്രേമഭാജനവുമായി ബന്ധപ്പെട്ടുള്ള ചിന്തകൾ ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുമ്പോൾ കാമുകൻ ഹൃദയത്തോട് അടങ്ങാൻ പറയുകയാണ്. ഇല്ല, ഞാൻ യഥാർത്ഥ ആശിഖല്ല. എന്നിൽ യഥാർത്ഥ പ്രണയം ഇല്ല, എന്ന് മനസ്സിനോട് പറയുമ്പോൾ ശക്തമായ പ്രതിഷേധമെന്നോണം അത് കൂടുതൽ കരുത്തോടെ പ്രേമഭാജനത്തെയോർത്ത് വിറകൊള്ളുകയാണ് ചെയ്യുന്നത്...

• ആശിഖീങ്ങൾ അങ്ങനെയാണ്. അവർക്ക് മുത്ത് നബിയോടുള്ള ﷺ അടങ്ങാത്ത പ്രണയത്തിന്റെ വലിപ്പം അവർ ഒരിക്കലും അംഗീകരിച്ചു തരില്ല. എന്നാൽ അവരുടെ വാക്കും നോക്കും നടത്തവും പെരുമാറ്റവും ചിന്തകളുമെല്ലാം ലോകത്തിനു മുന്നിൽ നിന്ന് അവരുടെ ഇഷ്ഖിനെ മറച്ചുവയ്ക്കാൻ അനുവദിക്കുകയുമില്ല. കാരുണ്യവാനായ റബ്ബ് നമ്മെ ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..._.
امين امين امين يا ارحم الراحمين...

____________________________________________


4) أَيَحْــسَـــبُ الصَّـبُّ أََنَّ الْحُـبَّ مُنْكَتِـــمٌ...
    مَا بَيْـــنَ مُنْسَـــجِمٍ مِنْهُ وَ مُضْـــطَرِمِ...
"പ്രവഹിക്കുന്ന ബാഷ്പത്തിനും തപിക്കുന്ന ഹൃദയത്തിനുമിടയിൽ അനുരാഗം ഒളിച്ചു വെക്കുക സുസാധ്യമാവുമെന്ന് അനുരാഗി കരുതുന്നുവോ...?"

• തന്റെ നിസ്സഹായതയെക്കുറിച്ച് മഹാനായ കവിയുടെ رضي الله عنه ഈ വെളിപ്പെടുത്തൽ നിഷേധാത്മകമല്ല. മറിച്ച് ഹൃദയ വിമലീകരണക്ഷമമായ വൈകാരിക താപത്തിന്റെ കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്...

• പ്രവഹിക്കുന്നതിന്നും (കണ്ണുനീർ) കത്തിയെരിയുന്ന(ഹൃദയം)തിനുമിടയിൽ അനുരാഗത്തെ എവിടെ ഒളിപ്പിച്ചു വെക്കാനാണ്. ഇത്തരമൊരവസ്ഥയിൽ അനുരാഗിക്ക് തന്റെ അനുരാഗം ജനങ്ങളിൽ നിന്നും രഹസ്യമാക്കി വെക്കാൻ ഒരിക്കലും സാധ്യമല്ലല്ലോ...

• അനുരാഗിയുടെ മുഖഭാവങ്ങളിൽ നിന്നു തന്നെ അന്തരംഗം വായിച്ചെടുക്കാൻ കഴിയും എന്നതിനാൽ തന്നെ ഹൃദയത്തെ മഥിക്കുന്ന തിരുനബി ﷺ അനുരാഗത്തെ നിഷേധിക്കുന്നതിലർത്ഥമില്ല.മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ. തിരുനബി ﷺ അനുരാഗമാണ് തന്നെ കണ്ണുകളെ നിറച്ചൊഴുക്കുന്നതെന്നും ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്നതെന്നും ഈ വരിയിലും തുടർന്നുള്ള ഈരടികളിലും വെളിപ്പെടുത്തുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه...

____________________________________________


5) لَـــوْلَا الْــهَــوَ لَمْ تُــــرِقْ دَمْعًـــا عَـــلَی طَلَلٍ...
    وَلَا أَرِقْـــتَ لِــــذِكْــرِ الْـبَــــانِ وَالْـعَلَــــمِ...
"അനുരാഗം ഇല്ലായിരുന്നെങ്കിൽ ആ പുരാണ ഭവനത്തിന്റെ ചുമരിൽ നീ കണ്ണീർ വാർക്കുമായിരുന്നില്ല. ബാൻ എന്ന സുഗന്ധച്ചെടിയെയോ അലം കുന്നിനേയോ കുറിച്ചുള്ള ഓർമ നിന്റെ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല..."

• തന്റെ പ്രേമഭാജനം വിട്ടേച്ചുപോയ ശേഷിപ്പുകളുടെ അടുക്കൽ ചെല്ലുമ്പോൾ അതിലേക്കൊന്നു മുഖമമർത്തി കണ്ണീർ വാർക്കാത്ത കമിതാക്കളുണ്ടാകില്ല. തിരുനബി ﷺ അനുരാഗികൾക്ക് പുണ്യപ്പൂമുത്ത് ﷺ വിട്ടേച്ചുപോയ തിരുശേഷിപ്പുകളുടെ ഓർമ്മകൾ പോലും കണ്ണുനീരിന്റെ കുത്തൊലിപ്പിനു സ്വാഗതം പറയാൻ ധാരാളമത്രെ. പ്രിയ വായനക്കാരേ, പ്രിയ മുഹിബ്ബീങ്ങളേ... നിങ്ങൾ മദീനയെ ഒന്നോർക്കൂ, ആ പച്ചഖുബ്ബയൊന്നു മനസ്സിലേക്ക് കൊണ്ടുവരൂ, റൗളയ്ക്കു ചുറ്റുമുള്ള മനോഹരമായ ആ ഗ്രില്ലുകളൊന്ന് ഖൽബിൽ കരുതൂ, നിങ്ങൾ ആ ഗ്രില്ലുകൾ ഇരു കരങ്ങൾ കൊണ്ടും പിടിച്ച് അതിലേക്ക് മുഖമമർത്തുന്നതായി മനസ്സിലൊന്നു ചിന്തിക്കൂ... കണ്ണീരു പൊടിയുന്നില്ലേ.., കണ്ണുകൾ നിറയുന്നില്ലേ.., മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഈ വരിയിൽ പറഞ്ഞതും അതു തന്നെയാണ്...
 
• മുത്ത് നബി ﷺ യുമായി ബന്ധപ്പെട്ട വസ്തുക്കളും അനുരാഗികളുടെ കണ്ണുകൾ നിറയ്ക്കാതെയിരിക്കില്ല. പുന്നാര ഹബീബിന് ﷺ വളരെ പ്രിയപ്പെട്ട വസ്തുക്കളായിരുന്നു സുഗന്ധങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കാര്യങ്ങൾ ഉണ്ടെന്നും അവയിലൊന്ന് സുഗന്ധം ആണെന്നും മുത്ത് നബി ﷺ അരുളിയിട്ടുണ്ട്. റസൂലുള്ളാഹി ﷺ സുഗന്ധം ഉപയോഗിക്കുകയും ശിഷ്യന്മാരെ رضي الله عنهم അതിനു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു . സമൂഹത്തിൽ സൗരഭ്യം പരത്തുന്നവരാവണം തന്റെ അനുഗാമികൾ എന്ന് അവിടുന്ന് ﷺ ഉദ്ദേശിച്ചിട്ടുണ്ടാവാം...

• ഹബീബായ മുത്ത് നബി ﷺ യിൽ നിന്നും പ്രസരിക്കുന്ന സുഗന്ധത്തെ കുറിച്ച് ജലാലുദ്ദീൻ റൂമി തന്റെ 'ദീവാനെ ശംസെതിബ്‌രിസ്' എന്ന സമാഹാരത്തിലെ ഒരു കവിതയിൽ ഇങ്ങനെ പറയുന്നുണ്ട്...

• മുസ്ത്വഫാ തങ്ങളാകുന്നു ﷺ ഞങ്ങളുടെ സ്വാർത്ഥ വാഹക സംഘത്തിന്റെ നായകൻ. ലോകത്തിന്റെ അഭിമാനമാണവിടുന്ന് ﷺ. അവിടുത്തെ ﷺ മുടിച്ചുരുളുകളിൽ നിന്നാണ് കാറ്റിനു സുഗന്ധം ലഭിച്ചത്...

• നിരന്ന മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ ഔന്നത്യത്തിന്റെ പ്രതീകങ്ങളാണ്. സർവ്വ ചരാചരങ്ങൾക്കും മീതെ പുണ്യ നബിയുടെ ﷺ ശിരസ്സ് ഉയർന്നുനിൽക്കുന്നു. അലം മലയുടെ പ്രതീകാത്മകമായ ഒരു പ്രസക്തിയും ഇതാണ്. മുത്ത് നബിയുടെ ﷺ ജീവിതത്തിൽ പർവ്വതങ്ങൾക്ക് മറ്റുവിധത്തിലും സ്ഥാനമുണ്ട്. വഹ്‌യ്‌ ഇറങ്ങിയ ഹിറയും, മുത്ത് നബിക്കും ﷺ അബൂബക്കർ സ്വിദ്ധീഖ് തങ്ങൾക്കും رضي الله عنه ഹിജ്റയിൽ അഭയമൊരുക്കിയ സൗറും, വിടവാങ്ങൽ പ്രഭാഷണത്തിന് സാക്ഷിയായ അറഫയും, നാം അതിനെ സ്നേഹിക്കുകയും അത് നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് തിരുനബി ﷺ മൊഴിഞ്ഞ ഉഹ്ദുമെല്ലാം അവിടുത്തേക്ക് ﷺ സേവനം ചെയ്യാൻ ഭാഗ്യമുണ്ടായ പർവതങ്ങളത്രെ...

____________________________________________


6) فَكَيْـــفَ تُـنْـــكِرُ حُبًّـــا بَعْــــدَ مَا شَــهِدَتْ...
    بِهِ عَــلَيْـــكَ عُـــدُولُ الــدَّمْعِ وَالسَّـــــقَمِ...
"ഹൃദയവേദന, കണ്ണുനീർ എന്നീ രണ്ടു നീതിമാന്മാരായ സാക്ഷികൾ നിനക്കെതിരെ സാക്ഷ്യം വഹിച്ചിരിക്കെ നിനക്കെങ്ങനെ നിന്റെ അനുരാഗത്തെ നിഷേധിക്കാനാവും?"

• വാദം തെളിയിക്കാൻ വേണ്ടത് നീതിമാന്മാരായ രണ്ടു സാക്ഷികളാണല്ലോ. അതുരണ്ടും ഇവിടെ അണിനിരന്നു കഴിഞ്ഞു. ഒന്ന്, കണ്ണീർത്തുള്ളികൾ. രണ്ട്, ഉറക്കം നഷ്ടപ്പെട്ടതിനാലുള്ള ശാരീരിക രോഗം. സാക്ഷികൾ വഴി വാദം തെളിഞ്ഞു കഴിഞ്ഞതിനാൽ ഇനി വസ്തുത നിഷേധിക്കാനാവില്ല എന്നു പറയുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه...

• അനുരാഗികളുടെ കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന അശ്രുകണങ്ങളും ശരീരത്തിനു പിടിപെട്ട രോഗാവസ്ഥയും അവരുടെ ഹൃദയത്തിൽ തിരതല്ലുന്ന തിരുനബി ﷺ സ്നേഹത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഉള്ളിൽ തീ പോലെ തിളയ്ക്കുന്ന തിരുനബി ﷺ പ്രേമം അനുരാഗികളുടെ അല്ലെങ്കിൽ കവിയുടെ رضي الله عنه ശരീരത്തെ രോഗാതുരമാക്കിയിരിക്കുന്നു...

• ഒരു വെള്ളത്തിനും അണക്കാനാവാത്ത തീ' എന്നു റൂമി ദിവ്യാനുരാഗത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അതിനു സമാനമാണ് മഹാനായ ബൂസ്വീരി ഇമാമിന്റെ തിരുനബി ﷺ അനുരാഗം. അവിടുത്തോടുള്ള ﷺ പ്രേമത്താൽ കത്തിയെരിയുകയാണ് മഹാനവർകളുടെ ഉള്ളം...

• അനുരാഗത്തിന്റെ താപത്താൽ അനുരാഗിയുടെ ശരീരം വാടിപ്പോവുക സ്വാഭാവികം. ശരീരം വാടുമ്പോൾ അതിനുണ്ടാകുന്ന രൂപ പരിണാമങ്ങളാണ് അടുത്ത വരികളിൽ ബൂസ്വീരി ഇമാം رضي الله عنه വർണ്ണിക്കുന്നത്...

____________________________________________


7) وَأَثْــبَــــتَ الْـــوَجْدُ خَــطَّــيْ عَـــبْــــرَةٍ وَضَـــــنَی...
    مِثْـــــلَ الْبَـــهَارِ عَلَـــي خَدَّيْــــكَ وَالْعَـــــنَمِ...

"നിന്റെ കവിൾതടത്തിൽ 'അനം' ചെടിയെ പോലെ ചുവപ്പു നിറം പടർന്നതും, നീ ക്ഷീണിച്ചു  പീതവർണത്തിലുള്ള (മഞ്ഞനിറമുള്ള) റോസാപ്പൂപോലെ ആയതും തിരുനബിയോടുള്ള ﷺ നിന്റെ അനുരാഗത്തിന്റെ സുദൃഢമായ തെളിവുകളാണ്..."

• മഞ്ഞ നിറത്തിലുള്ള റോസാപുഷ്പമായ 'ബഹാർ', കടും ചുവപ്പു നിറത്തിലുള്ള ഒരു അറേബ്യൻ ചെടിയായ 'അനം' എന്നീ ഉപമകളിലൂടെ ബൂസ്വീരി ഇമാം رضي الله عنه രോഗാതുരമായ തന്റെ ശരീരത്തിന് വന്ന പരിണാമത്തെ വ്യക്തമാക്കുകയാണ്...

• മഞ്ഞനിറം ബാധിച്ച ശരീരം വിളർച്ചയെ സൂചിപ്പിക്കുന്നു. കരഞ്ഞു കരഞ്ഞു തുടുത്ത കവിളുകൾ അനം ചെടിയെ പോലെ ചുവക്കുകയും ചെയ്തു. ശരീരത്തിൽ വന്ന ഈ രണ്ടു പരിണാമങ്ങളെയും തന്റെ ഹൃദയത്തിൽ തിരയടിക്കുന്ന തിരുനബി അനുരാഗത്തിന്റെ ﷺ അടയാളങ്ങളായാണ് മഹാനായ കവി رضي الله عنه ഇവിടെ ഹാജരാക്കുന്നത്. ആരുടെയും ദൃഷ്ടിയിൽപെടും വിധം പ്രത്യക്ഷമാണ് ഈ അടയാളങ്ങൾ. അതിനാൽ തന്നെ കവിയെ കാണുന്ന ആർക്കും കവിയുടെ ഹൃദയ വികാരം എന്തെന്ന് എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു...

• മറ്റുള്ളവർ എന്തുകരുതുമെന്ന് ചിന്തിച്ച് അനുരാഗികൾക്ക് ഒരിക്കലും തങ്ങളുടെ അനുരാഗത്തെ മറച്ചുവെക്കാൻ സാധിക്കില്ലല്ലോ. ഈയൊരു അവസ്ഥയാണ് ഇവിടെ ബൂസ്വീരി ഇമാം رضي الله عنه മനോഹരമായ ഉപമകളിലൂടെ വരച്ചിടുന്നത്...

____________________________________________


8) نَعَـــم سَــــرَی طَيْــــفُ مَــنْ أَهْــوَی فَأَرَّقَـنِـــي...
    وَالْحُــــبُّ يَـــعْــتَـــرِضُ اللَّذَّاتِ بِــــالْأَلَـــمِ...
"അതെ, എന്റെ പ്രേമഭാജനം രാത്രിയിൽ എന്നെ സമീപിച്ച് എന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. വേദനയാൽ സർവ രുചികളെയും കെടുത്തിക്കളയുമല്ലോ പ്രണയം..."

• ഏതൊരു വിഷയവും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. അനുരാഗികളുടെ ഉറക്കം നഷ്ടപ്പെടുന്നത് മുത്ത് നബിയെ ﷺ കുറിച്ചുള്ള ഓർമകളിലായാണ്, അവിടുത്തെ ﷺ സ്വലാത്തിലായാണ്, മദ്ഹിലായാണ്, ബുർദയിലായാണ്...

• മഹാനായ ബൂസ്വീരി ഇമാം رضي الله عنه തന്റെ അവസ്ഥയെ ഏറ്റവും മിഴിവാർന്ന ചമൽക്കാര ഭംഗിയോടെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേമഭാജനം രാത്രിയിൽ വന്ന് തന്നെ വിളിച്ചുണർത്തുന്നതായി കവി സങ്കൽപ്പിക്കുന്നു. ماشاء الله... യഥാർത്ഥത്തിൽ അതൊരു സങ്കല്പമല്ല, ഒരുപാട് അനുരാഗികൾ അനുഭവിച്ചറിഞ്ഞ തിരുനബി ﷺ അനുരാഗത്തിന് സന്തോഷക്കണ്ണീർ പൊഴിക്കാവുന്ന യാഥാർത്ഥ്യമാണ്...

• ഉറക്കം വല്ലാത്ത ആനന്ദദായകമായ ഒരനുഭവമാണ്. എന്നാൽ പുണ്യ നബിയോടുള്ള ﷺ പ്രേമാധിക്യം ആ ആനന്ദത്തെ കെടുത്തിക്കളയുന്നു. 'രുചികളെല്ലാം കെടുത്തിക്കളയുന്നതാണല്ലോ പ്രണയ വേദന' എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതും അതാണ്. ഇങ്ങനെ തിരുപ്രണയത്തിന്റെ ﷺ അത്ഭുതകരമായൊരു ലോകത്ത് വിഹരിക്കുന്ന അനുരാഗികളെ മറ്റുള്ളവർ ആക്ഷേപിക്കുക സ്വാഭാവികമാണ്. അവരോട് വികാരഭരിതരാക്കുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه തുടർന്നുള്ള വരികളിൽ...

____________________________________________


9) يَـــا لَائِمِـــي فِي الْــهَوَی الْـــعُذْرِيِّ مَعْـــذِرَةً...
    مِنِّــي إِلَيْـــكَ وَلَوْ أَنْصَـــفْـــتَ لَمْ تَـــلُمِ...
'ഉദ്‌രി' ഗോത്രക്കാരുടെ പ്രേമം പോലെ നിഷ്കളങ്കമായ എന്റെ അനുരാഗത്തിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവനെ, എന്റെ ന്യായം നീ അംഗീകരിക്കുക. നീ നീതിമാനായിരുന്നെങ്കിൽ എന്നെ ആക്ഷേപിക്കുമായിരുന്നില്ല... "

• ഇവിടെ ബൂസ്വീരി ഇമാം رضي الله عنه തിരുനബി ﷺ യോടുളള അനുരാഗത്തെ 'ഉദ്‌രി' ഗോത്രക്കാരുടെ പ്രേമവുമായാണ് സാദൃശ്യപ്പെടുത്തുന്നത്. പ്രേമ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും പാതിവ്രത്യത്തിലും പേരുകേട്ട ഒരു യമനീ ഗോത്രമാണ് 'ഉദ്‌രി'. 'ഉദ്‌ർ ഗോത്രക്കാരുടെ പ്രേമം' (ഹുബ്ബുൽ ഉദ്‌രിയ്യ്) എന്നൊരു പ്രയോഗം തന്നെ അറബിയിൽ ഉണ്ട്. ഇവർക്കിടയിലെ പ്രണയത്തിന്റെ തീവ്രതയും നിഷ്കളങ്കതയുമാണ് സൂചന. പ്രേമത്തെ അവർ പവിത്രമായി കണക്കാക്കുന്നു. ജീവൻ ബലി കൊടുക്കേണ്ടി വന്നാൽ പോലും അവർ പ്രണയത്തിൽ വിശ്വാസവഞ്ചന കാണിക്കാറില്ല. ഇങ്ങനെയുള്ള 'ഉദ്‌രി' ഗോത്രക്കാരുടെ പ്രണയം പോലെ നിഷ്കളങ്കവും തീവ്രവുമാണ് മുത്ത് നബിയോടുള്ള ﷺ തന്റെ അനുരാഗമെന്ന് വ്യക്തമാക്കുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه...

• "സത്യവിശ്വാസികൾ ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഭയക്കുകയില്ല" എന്ന് പുണ്യ റസൂൽ ﷺ പറഞ്ഞിരിക്കുന്നു. തിരുനബി ﷺ പ്രണയത്തിന്റെ കാര്യത്തിൽ അനുരാഗികളുടെ അവസ്ഥയും അങ്ങനെ തന്നെ. മുത്ത് നബിയെ ﷺ പ്രണയിക്കുന്നതിലുള്ള തന്റെ ന്യായം അംഗീകരിക്കാനായി ബൂസ്വീരി ഇമാം رضي الله عنه വിമർശകരോട് ആവശ്യപ്പെടുന്നു. വിമർശകൻ നീതിമാനായിരുന്നുവെങ്കിൽ പ്രണയിക്കാവുന്നതിൽ ഏറ്റവും ഉത്തമരായ വ്യക്തിയെ ﷺ, ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ പ്രണയിക്കുന്ന തന്നെ വിമർശിക്കുകയില്ലായിരുന്നുവെന്ന് പറഞ്ഞുവെക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ...

• അനുരാഗികൾക്ക് ആശ്വാസവും ആവേശവും പകർന്നുകൊണ്ട്, ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ പുണ്യ നബിയുടെ ﷺ ചര്യകളെ അതുപോലെ തന്നെ പിൻപറ്റിക്കൊണ്ട് ജീവിക്കാൻ പറ്റുമോയെന്നും അല്ലാഹുവിന്റെ റസൂലിനോട് ﷺ
 ഇങ്ങനെയൊക്കെ പ്രണയ പ്രകടനങ്ങൾ നടത്താൻ പറ്റുമോയെന്നും ചോദിക്കുന്നവരോടായുള്ള ഏറ്റവും സുന്ദരമായ മറുപടികളാണ് തുടർന്നുള്ള വരികളിൽ...

____________________________________________


10) عٙـدَتْــــكٙ حٙـالِـــيَ لٙا سِـــرِّي بِـمُـسْــــتٙـتِــــرٍ...
      عٙـنِ الْـوُشَـــــاةِ وٙلٙا دٙائِـــــــي بِـمُـنْـحٙـسِــــــمِ...
എന്റെ അവസ്ഥ നിന്നെയും ബാധിക്കട്ടെ! ഏഷണി കൂട്ടുന്നവർക്ക് അജ്ഞാതമല്ലല്ലോ എന്റെ രഹസ്യം. എന്റെ രോഗത്തിനാവട്ടെ ശമനവുമില്ല.

• മുത്ത് നബിയെ ﷺ പ്രണയിക്കുന്നതിലുള്ള തന്റെ താല്പര്യത്തെ അംഗീകരിക്കാനായി വിമർശകരോട് ആവശ്യപ്പെടുന്ന കവി رضي الله عنه അടുത്തതായി വിമർശകർക്ക് ഒരു ആശംസ നൽകുകയാണ്, എന്റെ അവസ്ഥ നിങ്ങളെയും ബാധിക്കട്ടെയെന്ന്. ماشاء الله...

• തിരുനബി ﷺ അനുരാഗികൾക്ക് മറ്റുള്ളവർക്ക് നൽകാവുന്ന ഏറ്റവും വലിയ ആശംസയും പ്രാർത്ഥനയും അതു തന്നെ...

• ഖിള്റ് നബിയുടെ عليه السلام പ്രവർത്തനങ്ങളെ മൂസാനബിക്കു عليه السلام പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നിരിക്കെ അനുരാഗിയുടെ മാനസികാവസ്ഥ സാധാരണക്കാർക്ക് ഒരുപക്ഷേ ഉൾക്കൊള്ളാൻ കഴിയണമെന്നില്ലല്ലോ...

• ഏഷണി കൂട്ടുന്നവർക്ക് അറിയാം എന്റെ അസുഖം എന്താണെന്ന് എന്ന് പറയുന്ന ബൂസ്വീരി ഇമാം رضي الله عنه തുടർന്നു പറയുന്നു, എന്റെ രോഗത്തിനാവട്ടെ ശമനവുമില്ല എന്ന്. اللهم صل وسلم وبارك عليه_

• മുത്ത് നബിയോടുള്ള ﷺ പ്രണയത്തിൽ ലയിക്കാൻ ആഗ്രഹിക്കുന്നവരെ ഒരു പക്ഷേ ലോകം പഴഞ്ചനായി മുദ്രകുത്തിയേക്കാം. അപ്പോൾ ലോകത്തോട് ഉറക്കെ പറയാൻ സാധിക്കണം, എന്റെ രോഗത്തിനാവട്ടെ ഒരു ശമനവുമില്ല എന്ന്. കാരണം, തിരുനബി ﷺ പ്രണയത്തിന്റെ ലഹരി ഞാൻ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു എന്നതുതന്നെ...
الحمد لله... الحمد لله الف مرة...
____________________________________________


11) مَحَّضْـــتَـنِـــــى النُّـــــصْحَ لَـكِنْ لَـسْــــــتُ أَسْــــــمَعُهُ...
      إِنَّ الْـمُـحِــــبَّ عَـنِ الْـــــعُـذَّالِ فِــــــى صَـمَـــــمِ...
"നിഷ്കളങ്കം തന്നെ നിന്റെ ഉപദേശം. പക്ഷേ, ഞാനത് ചെവിക്കൊള്ളുന്നില്ല. കുറ്റപ്പെടുത്തുന്നവനു ചെവികൊടുക്കാൻ അനുരാഗി തയ്യാറാവുകയില്ല..."

• തിരുനബി ﷺ അനുരാഗത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കുന്നവരെ കുറ്റപ്പെടുത്താൻ ബൂസ്വീരി ഇമാം رضي الله عنه തയ്യാറാവുന്നില്ല. കാരണം, വിമർശകനെ സംബന്ധിച്ചേടത്തോളം അവൻ പറയുന്നതെല്ലാം ശരിയാണ്. കളങ്കമില്ലാത്ത മനസ്സോടെയാണ് അവൻ സംസാരിക്കുന്നത്. അതിനാൽ അവന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. നിന്റെ ഉപദേശം നിഷ്കളങ്കമാണ് എന്ന് ബൂസ്വീരി ഇമാം رضي الله عنه പറയുന്നത് അതുകൊണ്ടാണ്. എന്നാൽ തിരുനബി ﷺ അനുരാഗികൾ ഇത്തരം ആക്ഷേപങ്ങൾക്കൊന്നും ചെവി കൊടുക്കാൻ കഴിയാത്ത വിധം വിശുദ്ധ പ്രണയത്തിൽ ലയിച്ചവരായിരിക്കും എന്ന് മഹാനായ കവി رضي الله عنه സൂചിപ്പിക്കുന്നു...
اللهم صل وسلم وبارك عليه...

• ഇത്രയും വ്യക്തമാക്കിയശേഷം കവി തന്നെക്കുറിച്ചുള്ള പശ്ചാത്താപവിവശമായ ആത്മഗതത്തിലേക്ക് തിരിയുകയാണ്...
____________________________________________


12) إِنِّـى اتَّهَمْـتُ نَصِيـحَ الشَّـيْبِ فِى عَـذَلٍ...
      وَالشَّـيْبُ أَبْعَـدُ فِى نُصْـحٍ عَـنِ التُّهٙـمِ...
"നരയുടെ ഉപദേശത്തെ ഞാൻ കുറ്റപ്പെടുത്തലെന്ന് തെറ്റിദ്ധരിച്ചു. നരയാകട്ടെ, ഉപദേശിക്കുന്ന വിഷയത്തിൽ തെറ്റിദ്ധാരണക്ക് അശേഷം ഇടം നൽകുന്നില്ല."

• വായനക്കാരന്റെ ചിന്തകളെ ഉണർത്താൻ തെറ്റുകളെ തന്നിലേക്കു തന്നെ ചേർത്തു പറയുക എന്നത് മനഃശാസ്ത്ര പരമായ ഒരു നീക്കമാണ്. ഈ സമീപനത്തിന്റെ സുന്ദരമായ പ്രയോഗമാണ് മഹത്തായ ബുർദയുടെ ഈ വരിയിലും തുടർ വരികളിലും നമുക്ക് കാണാനാവുക. വലിയ പണ്ഡിതനായിരുന്നു മഹാനായ ബൂസ്വീരി ഇമാം رضي الله عنه. മനസ്സിൽ അലതല്ലുന്ന തിരുനബി ﷺ യോടുളള അനുരാഗത്തോടൊപ്പം എഴുത്തപ്പെടുന്ന അവിടുത്തെയെ ﷺ കുറിച്ചും, അവിടുന്ന് ﷺ പ്രതിനിധാനം ചെയ്യുന്ന ആശയ സംഹിതകയാവുന്ന പരിശുദ്ധ ദീനിനെക്കുറിച്ചുള്ള ആഴത്തിലുള്ള പാണ്ഡിത്യവും ഉണ്ടെങ്കിൽ മാത്രമാണല്ലോ ഇതുപോലെ മഹത്തരമായ ഒരു കാവ്യം ജന്മം കൊള്ളുകയുള്ളൂ...

• ഏതു മഹത്തുക്കളും അവരുടെ എളിമ കാരണം തങ്ങളുടെ മാഹാത്മ്യത്തെ അംഗീകരിക്കാതെ തങ്ങളിൽ നിന്നും വന്നുപോയ ചെറിയ വീഴ്ചകളെപ്പോലും വലിയ തെറ്റുകളായി എടുത്ത് കാണിക്കുകയാണ് ചെയ്യുക. കൊട്ടാര കവിയായിരുന്ന ബൂസ്വീരി ഇമാം رضي الله عنه അതുപോലെ പശ്ചാത്താപവിവശനാവുകയാണ്. സുഖാഡംബരങ്ങളിൽ വ്യാപരിക്കാൻ കൊട്ടാരവാസം അദ്ദേഹത്തിന് അവസരം നൽകിയെന്നും, അക്കാലത്തൊന്നും മരണചിന്ത തന്നെ അലട്ടിയില്ലെന്നും പറയുന്ന കവി رضي الله عنه , വാർദ്ധക്യം നരയുടെ രൂപത്തിൽ തലയിൽ കയറി ഉപദേശം ചൊരിഞ്ഞിട്ടും താൻ ചെവികൊടുത്തില്ല എന്ന് ആത്മഗതം ചെയ്യുന്നു. കവിയുടെ ഈ ആത്മഗതം ആസ്വാദകന്റെ മനോവികാരങ്ങളെ ഉദ്ദീപിപ്പിക്കാൻ പര്യാപ്തമാണ്. കവിയോടൊപ്പം رضي الله عنه ആസ്വാദകനും തന്റെ ഭൂതകാലത്തെ വിചാരണക്കു വിധേയമാക്കണം...

• മറ്റേത് ആക്ഷേപകർക്കും അവരുടെ ആരോപണങ്ങൾക്കു പിന്നിൽ അസൂയയോ വിദ്വേഷമോ മറ്റെന്തെങ്കിലും സ്വാർത്ഥ താല്പര്യങ്ങളോ ഉണ്ടാവാം എന്ന് കരുതാൻ കൂടുതൽ ന്യായമുണ്ട്. എന്നാൽ 'നര' ഇതിൽ നിന്നൊക്കെ തികച്ചും വിഭിന്നമാണ്. വാർധക്യകാലത്ത് മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുന്നറിയിപ്പു തരുന്ന നര സത്യസന്ധനായ സുവിശേഷകനാണ്. 'നരയാകട്ടെ, ഉപദേശിക്കുന്ന വിഷയത്തിൽ തെറ്റിദ്ധാരണക്ക് അശേഷം ഇടം നൽകുന്നില്ല' എന്നു പറഞ്ഞതിന്‍െറ ഉദ്ദേശം ഇതത്രെ. 'ചിന്തിക്കുന്നവന് ചിന്തിക്കാനുള്ള ആയുസ്സ് നാം തന്നില്ലേ? മുന്നറിയിപ്പുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു' (വി.ഖു 35:37) എന്ന ഖുർആൻ വചനങ്ങളിലേക്കുള്ള സൂചനകൂടിയാണ് ഈ വരികൾ...
____________________________________________


13) فَـإِنَّ أَمَّـارَتِـى بِالسُّـوءِ مَا اتَّعَـظَـتْ...
       مِـنْ جَـهْلِهَـا بِنَـذِيرِ الشَّـيْبِ والْهَـرَمِ...
"ചീത്തയോടു ചായ്‌വ് കാണിക്കുന്ന ശരീരം അജ്ഞത നിമിത്തം നരയുടെയും വാർദ്ധക്യത്തിന്റെയും മുന്നറിയിപ്പുകളെ അവഗണിച്ചു."

• ചീത്തയോടു ചായ്‌വ് കാണിക്കുന്ന ശരീരം എന്ന വാക്യം ഖുർആന്റെ പ്രയോഗമാണ്. തിന്മയോട് ആഭിമുഖ്യം പുലർത്തുന്ന ഒരു ഘടകം മനുഷ്യ മനസ്സിനുണ്ട്. ദുനിയാവിന്റെ സുഖങ്ങളിൽ ലയിച്ചിരിക്കുന്ന മനസ്സ് കാലം കടന്നുപോകുന്നതറിയുന്നില്ല. കാലത്തിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുന്നത് അജ്ഞതയാണ്. ഒരായുഷ്ക്കാലം ജീവിച്ചിട്ടും കാലത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചവരെ നരകത്തിൽ അതോർമപ്പെടുത്തും എന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്...

• ഖുർആൻ പറയുന്നതിങ്ങനെ :_ 
• وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ_ --- "فاطر (37)"
• "അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല...

• നാൽപതു വയസ്സായാൽ പിന്നെ ആരാധനകളിൽ മുഴുകുകയായിരുന്നു മദീനാ നിവാസികളുടെ പതിവെന്ന് ഈ ഖുർആൻ സൂക്തത്തിന്റെ വ്യാഖ്യാനത്തിലുണ്ട്. ജീവിതസായാഹ്നത്തിൽ സൽക്കർമങ്ങൾ വർദ്ധിപ്പിക്കുകയും ഇലാഹി ചിന്തയിൽ മുഴുകുകയും വേണമെന്ന് നിരവധി ഹദീസുകൾ ഉദ്ബോധിപ്പിക്കുന്നുണ്ട്...
____________________________________________


14) وَلاَ أَعَـدَّتْ مِنَ الْفِـعْلِ الْجَمـِيلِ قِـرَى... 
      ضَيْـفٍ أَلَمَّ بِرَأْسِـى غَيْرَ مُحْـتَـشِـمِ...
"ലജ്ജയില്ലാത്ത അതിഥിയായി നര ശിരസ്സിൽ വിരുന്നു വന്നപ്പോൾ, അതിഥിയെ സൽക്കരിക്കാൻ വേണ്ട സുകൃതങ്ങളൊന്നും ഞാൻ ഒരുക്കി വെച്ചിരുന്നില്ല..."

• ഇവിടുത്തെ അതിഥി നരയാണ്. സാധാരണ മാന്യന്മാരായ അതിഥികൾ വിരുന്നു വന്നാൽ വേഗം മടങ്ങിപ്പോകും, എന്നാൽ തലയിൽ വിരുന്നുവരുന്ന നര പിന്നീടൊരിക്കലും മടങ്ങിപ്പോകുന്നില്ല, മരണം വരെ അത് നമ്മെ പിന്തുടരുകയും ചെയ്യും എന്നതുകൊണ്ടാണ് നരയെ ലജ്ജയില്ലാതെ വന്ന വിരുന്നുകാരൻ എന്ന് വിശേഷിപ്പിച്ചത്...

• അതിഥി സൽക്കാരം കൊണ്ടുദ്ദേശിക്കുന്നത് സൽക്കർമ്മമാണ്. നര എന്ന അതിഥി ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല വിഭവവും അതു തന്നെ. അതിഥിയെ സൽക്കരിക്കാൻ വേണ്ട വിഭവങ്ങളൊന്നും ഒരുക്കി വെച്ചില്ല എന്ന് സങ്കടപ്പെടുന്ന കവി, കൊഴിഞ്ഞുപോകുന്ന ആയുസ്സിനെക്കുറിച്ച് അശ്രദ്ധരാവുന്ന വായനക്കാരന്റെ ചിന്തകളെ തട്ടിയുണർത്തുകയാണ്...

===============================




ഖസ്വീദത്തുൽ ബുർദ | വരി പതിനഞ്ച് | അർത്ഥം | ആശയം | Qaseedathul Burdha | Line 15 | Meaning & Concept In Malayalam


15) لَوْ كـُنْتُ أَعْلَـمُ أَنِّـى مَا أُوَقِّـرُهُ...
      كَتٙـمْـتُ سِـرًّا بَـدَا لِى مِـنْهُ بِالْكَـتٙـمِ...
"നര എന്ന അതിഥിയെ ഞാൻ ബഹുമാനിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ ആ രഹസ്യത്തെ ചായം തേച്ച് ഒളിപ്പിക്കുമായിരുന്നു.."

• നര എന്ന അതിഥി വിരുന്നു വരുന്നതിനു മുമ്പായി സൽക്കർമ്മങ്ങളെന്ന വിഭവങ്ങൾ ഒരുക്കി വെച്ചുകൊണ്ട് ആ അതിഥിയെ ബഹുമാനിക്കണമായിരുന്നു. പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും, ചിന്തയുടെയും ദശയിലേക്ക് കാലൂന്നുന്ന മനുഷ്യൻ സ്വന്തം പ്രായത്തെ ബഹുമാനിക്കാനാണ് ആദ്യം പഠിക്കേണ്ടത്. നരയെ ബഹുമാനിക്കാൻ തനിക്കാവില്ല എന്ന മനസ്സിലാക്കിയിരുന്നെങ്കിൽ മുടി കറുപ്പിച്ചുകൊണ്ട് നരയെ ഒളിപ്പിക്കുമായിരുന്നു എന്ന് കവി പറയുന്നു. നരയെ ബഹുമാനിക്കുന്നില്ലെങ്കിൽ അതിനെ അവഹേളിക്കാതിരിക്കാൻ അതാണല്ലോ വഴി. നരച്ച മുടി കൃത്രിമമായി കറുപ്പിക്കുന്നത് ഇസ്‌ലാമിക നിയമ പ്രകാരം ചില പ്രത്യേക സന്ദർഭങ്ങളിൽ ഒഴുകെ അനുവദനീയവുമല്ല...

• നര ഗാംഭീര്യമാണെന്ന് ഹദീസിലുണ്ട്. ആദ്യമായി നര ബാധിച്ച വ്യക്തി ഇബ്രാഹിം നബിയത്രെ عليه السلام. നര കണ്ടപ്പോൾ "ഇതെന്താണ്" എന്ന് അല്ലാഹുവിനോട് ചോദിച്ച ഇബ്രാഹിം നബിക്ക് عليه السلام അല്ലാഹു നൽകിയ മറുപടി "അത് ഗാംഭീര്യമാണ്" എന്നായിരുന്നു. അപ്പോൾ ഇബ്രാഹിം നബി عليه السلام "റബ്ബേ, എനിക്ക് നീ ഗാംഭീര്യം വർദ്ധിപ്പിച്ച് തരിക" എന്നു പ്രാർത്ഥിച്ചു. ഉടനെ ഇബ്രാഹിം നബിയുടെ عليه السلام മുടി മുഴുവൻ നരച്ചു എന്നും ചരിത്രത്തിൽ കാണാം...


©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu